Friday, April 14, 2006

ഉദ്യാനവിരുന്ന്- രണ്ടാം പന്തി

നളന്റെ
ചമയം: ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ അഥവാ “സൂര്യവരുണ സംഗമം“ കണ്ട് അന്തംവിട്ടശേഷം ഞാനും റ്റുലിപ്സ് തപ്പി നടക്കുകയായിരുന്നു. ഇപ്പോള്‍ ഇതാ ഞങ്ങളുടെ കാമ്പസിലെ പള്ളിമുറ്റത്ത് ഒരു കൊച്ചു റ്റുലിപ് വസന്തം. ഒട്ടും മടിക്കാതെ കാമറയും തൂക്കി ചെന്നു കുറെ ക്ലിക്കി. നളനു പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

വര്‍ണ്ണപ്പകിട്ട്



വിടരുക വിടരുക കുസുമസൌഭാഗ്യമേ
വിരിവില്‍ വിരാജിതം നിന്നോമല്‍‌സ്വരൂപം
വിരിയിക്കയാണെന്നിലാഹ്ലാദവല്ലരി!



നോക്കു..
നമുക്കു താഴെ, നമ്മുടെയിലകള്‍
ചുംബിക്കുന്നതിന്റെ മര്‍മ്മരം കേള്‍ക്കുന്നു..
ഒരു നേര്‍ത്ത കാറ്റു വന്നെങ്കില്‍
നമുക്കും...



ആരു നീയനുജത്തി
ഞങ്ങള്‍തന്‍ സ്വകാര്യസല്ലാപവേളയില്‍‍
നറുംവെണ്മ തൂകിചിരിച്ചു നില്പൂ..

20 comments:

Unknown 9:24 PM  

ഉദ്യാനവിരുന്ന്-രണ്ടാം പന്തി

ദേവന്‍ 11:35 PM  

http://155.69.254.10/users/risc/Jerry/black_tulip.jpg
ഇജ്ജാതി കറുമ്പിപ്പൂക്കളും അവിടെയുണ്ടോ? നാട്ടില്‍ ഇതുണ്ടായൊരുന്നെങ്കില്‍ വയലാറേട്ടന്‍ അടുക്കളയിലെ പാട്ട തുറന്ന് കായാമ്പൂ കണ്ടുപിടിക്കേണ്ട ഗതികേടുണ്ടാവില്ലായിരുന്നു

Anonymous 12:55 AM  

മനോഹരം !

ദേവരാഗം ‘കായാമ്പൂ’വിനെ ഗതികെട്ട പൂവാക്കിയതിന്റെ കാരണം കൂടി ഒന്നെഴുതിയെങ്കില്‍...

രാജ് 1:05 AM  

കായാമ്പൂ കണ്ണില്‍‌വിടരും എന്നൊക്കെ എഴുതുവിടുന്നതു ഗതികേടല്ലാതെന്തു കേടാണെന്റെ മാരാരെ?

ചിത്രങ്ങളോ കാപ്ഷനോ മികച്ചതു്? രണ്ടും പരസ്പരപൂരകമെന്ന അറിവില്‍ “നന്നു-നന്നെന്നു” മാത്രം പറഞ്ഞുപോകുന്നു.

Anonymous 1:42 AM  

അപ്പോഴങ്ങനെ ഒരു പൂവില്ല അല്ലേ?

കായാമ്പൂ കണ്ണില്‍‌വിടരും
കമലദളം കവിളില്‍ വിടരും
അനുരാഗവതീ നിഞ്ചൊടികളില്‍
നിന്നാലിപ്പഴം പൊഴിയും

Cibu C J (സിബു) 2:11 AM  

വരമൊഴി നിഘണ്ടുവിലങ്ങനെയൊരു പൂവുണ്ടല്ലോ - ഒരു കൃഷ്ണവര്‍ണ്ണമുള്ളൊരു പൂവ്‌. അതായത്‌ കരിനീലക്കണ്ണഴകീ എന്നു തന്നെ. (ഞാനിപ്പോഴാണ് അത്‌ അന്വേഷിക്കുന്നത്‌).

മ്യൂസിക് എന്നൊരെലിമെന്റ് കൂടിയുള്ളതുകൊണ്ടാവാം, വെറുതെ വായിച്ചാല്‍ പൊട്ടയായോ അര്‍ത്ഥമില്ലാതേയോ തോന്നുന്ന പലവരികള്‍ക്കും പാട്ടില്‍ മനോഹരമായി സംവേദിക്കാനാവുന്നത്‌. അപ്പോള്‍ തോന്നും മ്യൂസിക്കാണ് അവിടെ കാര്യമുള്ളത് എന്ന്‌. എന്നാല്‍ പൊട്ടയെന്ന്‌ തോന്നിയ വരികളെടുത്തുകളഞ്ഞു നോക്കൂ; അപ്പോള്‍ ഭംഗികുറയുകതന്നെയാണ് - ഒന്നും കൃത്യമായി പറയാതെ പോയതായി തോന്നും.

ദേവന്‍ 2:32 AM  

(ഓ ടോ ക്ഷെമി യാത്രാമൊഴിയേ)
ഷഡ്ക്കാല അന്തോണി മാരാരേ,

കായാമ്പൂ എന്നാല്‍ ഒരു മരം ആണ്‌ പൂവല്ല. Memecylon edule ovatum http://www.shop.sunshine-seeds.de/images/medium/memecylon_ovatum.jpg എന്ന കായാമ്പൂവിന്റെ പൂവിനു നരച്ച പിങ്ക്‌ നിറം ആണ്‌. ഈ പൂവ്‌ കണ്ണിലും കരണക്കുറ്റിക്കും വിരിയിക്കാന്‍ ആ പെണ്ണിന്റെ തലേല്‍ കോഴിയെക്കൊണ്ട്‌ അടയിരുത്തേണ്ടി വരില്ലേ? മരുന്നിനും മറ്റും എല്ലാ വീടുകളിലും സൂക്ഷിക്കാര്‍ മഷിക്കറുപ്പായ ഇതിന്റെ കായ ആണു http://www.walai.msu.ac.th/cdb/picpost/1345.jpg കായാമ്പൂ വിരിയുമെങ്കില്‍ കൊന്നത്തെങ്ങും ആഞ്ഞിലി മരവും വിരിയുക മാത്രമല്ല നൃത്തവും ചെയ്യും!!

തിരുക്കുറലിലോ തിരുവിളയാടലിലോ മറ്റോ കൃഷ്ണനെ കായാമ്പൂ വര്‍ണ്ണ മേനിയാണവന്‍ എന്നു വിളിക്കുന്നുണ്ട്‌ കായാമ്പൂവിന്റെ കായയാണ്‌ ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു - ശരീരം പൂ പോലെ എന്നു ഗൂഢാര്‍ത്ഥം കൂടി വരാനാണത്‌ അതിന്റെ മുകളിലെവിടെയോ ആകായം - മാനം എന്നു കൂടെ വരുന്നെന്നാണോര്‍മ്മ. തിരുവള്ളുവര്‍ പിണ്ടമിടുന്നതു കണ്ട്‌...

ഇങ്ങനെ ഓരോ വാക്ക്‌ അടിക്കാതെ ഓ എന്‍ വീ ഃഓള്‍സെയില്‍ ഷോപ്പ്‌ ലിഫ്റ്റിംഗ്‌ നടത്തിയത്‌ കണ്ടില്ലേ

"കാമരൂപ കാണും നീയെന്‍ കാതരയാം കാമിനിയെ
കണ്ണുനീരിന്‍ പുഞ്ചിരിയായി കാറ്റുലക്കും ദീപമായി
വിശ്ലഥമാം തന്ത്രികളില്‍ വിസ്മൃതമാം നാദമായി എന്റെ ദേവി കേഴും ദൂര.."


അതാണന്തസ്സ്‌! മേഘ സന്ദേശം അപ്പടി അറുത്തു ഉരുപ്പടിയാക്കി കൊടുത്തു കാശു വാങ്ങി!! എന്റെ കാളിച്ചേട്ടാ പൊറുക്കണേ

(ഇതല്ലേ നമ്മടെ തമ്പിയണ്ണന്‍ അങ്ങു അന്താരാഷ്ട്രത്തിലോട്ട്‌ ഇറങ്ങിയത്‌.. പൂവിനൊരു പഞ്ഞവുമില്ല .. താരുണ്യത്തിന്‍ പുഷ്പകിരീടം എന്ന പാട്ടില്‍ "കാറ്റിലാടും ഡാഫോഡില്‍ അവള്‍ പൂത്തുലയും ഗോള്‍ഡന്‍ ഹില്‍.." സംഗതി ആകെ വൃത്തികേടുണ്ടെങ്കിലും..)

ഓഫില്‍ ഓഫ്‌
ലവളുടെ ചുണ്ടില്‍ നിന്നും ആലിപ്പഴം എങ്ങനെ പൊഴിഞ്ഞപ്പീ? വായും തൊറന്ന് നടന്ന് ചാളുവാ ഒഴുക്കുവാന്നോടേ ആ അക്കന്‍?

ഓഫോഫിലില്‍ ഒരോഫ്‌
കുഞ്ഞുണ്ണി മാസ്റ്ററോടാണെന്നാണോര്‍മ്മ തമ്പിയണ്ണനെ ആരൊ പരിചയപ്പെടുത്തിയത്രേ
"മാഷ്‌ അറിയുമോ എന്തോ, ഇതു ശ്രീകുമാരന്‍ തമ്പി, ഹരിപ്പാട്ടുകാരനാ"
"ഉവ്വോ? സിനിമാപ്പാട്ടുകാരനാണെന്ന ഞാന്‍ കേട്ടത്‌."

ദേവന്‍ 2:52 AM  

യാത്രാമൊഴീടെ ട്യുലിപ്പു ബള്‍ബിനെ ഓഫ്‌ ടോപ്പിയടിച്ച്‌ ഞാന്‍ ഫ്യൂസാക്കിക്കളഞ്ഞോ? :)
കഴിഞ്ഞ ഒരു മണിക്കൂറായി ഇവിടൊന്നു കയറാന്‍ ശ്രമിച്ചോണ്ടിരിക്കുന്നതിന്നിടയില്‍ നടുക്കു വന്ന പോസ്റ്റൊന്നും കണ്ടില്ലായിരുന്നു

സിബൂ,
യൂസഫലി കേച്ചേരി പറഞ്ഞതുപോലെ വരികള്‍ക്കകത്തെ സംഗീതം സംഗീത സംവിധായകന്‍ ചിട്ടപ്പെടുത്തുന്നതാണ്‌ എറ്റവും നല്ലത്‌ . ചില വരികളില്‍ ഒട്ടും സംഗീതമില്ല അപ്പോ ഡയറക്റ്റേട്ടന്‍ അവിടെയെല്ലം പുട്ടിയിട്ട്‌ അതിന്റെ മുകളില്‍ പെയിന്റടിക്കും. ഉദാ
ആകാശ ഗംഗയുടെ കരയില്‍ ല്‍ ല്‍
അശോക വനിയില്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍

വരിയില്‍ സംഗീതമില്ലാതെ പടച്ചുവിട്ട്‌ ദേവരാജന്‍ മാസ്റ്ററെ കൊണ്ട്‌ രണ്ടു കിലോ "ഇല്ല്" ഇട്ടു കോണ്‍ക്രീറ്റ്ചെയ്യിച്ചത്‌ മഹാ കഷ്ടമായി. (യൂസഫലിയും ഞാനും സമന്മാര്‍ ആണെന്ന വ്യംഗ്യമൊന്നും ഇല്ലേ പൊന്നു സാറന്മാരേ, മൂപ്പരുടെ വ്യൂ എനിക്കു സ്വീകാര്യമായെന്നേ പറഞ്ഞുള്ളൂ)

Unknown 9:39 PM  

ദേവാ,

കറുമ്പി റ്റുലിപ് ഞാന്‍ മുന്‍പ് കണ്ടിട്ടേയില്ലായിരുന്നു ഇപ്പോള്‍ കണ്ടു. താങ്ക്യു. ഇവിടെയടുത്ത് ഒരു വലിയ ഉദ്യാനമുണ്ട്. അവിടെ ഒന്നു പോയി നോക്കാം.

കായാമ്പൂ വിവാദത്തെക്കുറിച്ച് വിശദമായി പിന്നെ എഴുതാം. ഒരു സംശയം, ദേവന്‍ തന്ന ലിങ്കിലെ കായാമ്പൂവിനു നരച്ച പിങ്ക് നിറമല്ലല്ലോ? എനിക്കത് നീലയുടെ വകഭേദമായാണു കാണുന്നത്?

കായാമ്പൂ=കായാവിന്റെ പൂവ് (നീലക്കറുപ്പ്) എന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ശബ്ദതാരാവലി പറയുന്നു.

തത്കാല അനോണിമാരാരേ,

ചിത്രജാലകം സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി!

പെരിങ്ങോടാ,
വീണ്ടും നന്ദി..

സിബു,

ആ പറഞ്ഞതില്‍ കാര്യമുണ്ട്. സംഗീതത്തിനു വാക്കുകളെ മുക്കിക്കളയാന്‍ എളുപ്പം കഴിയും. അതു പോലെ ചിലപ്പോള്‍ വാക്കുകള്‍ സംഗീതത്തിനു മുകളില്‍ മുഴച്ച് നില്‍ക്കും.

ദേവന്‍ പറഞ്ഞതുപോലെ ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ് മിക്കവാറും എല്ലാ സംഗീത സംവിധായകരും ചെയ്തിട്ടുള്ളതല്ലേ..

നാന്‍ ആട്ടോക്കാരന്‍ ആട്ടോക്കാരന്‍
നാലും തെരിന്ത റൂട്ടുക്കാരന്‍..
......
.....
അട അജക്ക് എന്നാ അജക്ക് താന്‍
ഗുമുക്ക് എന്നാ ഗുമുക്ക് താന്‍

എന്ന പാട്ട് കേട്ടിട്ട് ഒരു തമിഴന്റെയടുത്ത് ഒരിക്കല്‍ ആരാണ്ട് ചോദിച്ചു, ഈ അജക്കും ഗുമുക്കും എന്തെരെടെയ്? മൂത്ത രജനി പ്രാന്തനായ തമിഴന്‍ ചോദ്യം ചോദിച്ചവനെ ചീത്ത വിളിച്ചോടിച്ചുകളഞ്ഞു!

Visala Manaskan 9:59 PM  

നോക്കു..
നമുക്കു താഴെ, നമ്മുടെയിലകള്‍
ചുംബിക്കുന്നതിന്റെ മര്‍മ്മരം കേള്‍ക്കുന്നു..
ഒരു നേര്‍ത്ത കാറ്റു വന്നെങ്കില്‍
നമുക്കും...

എന്തൊരു ഭാവന.
കലക്കന്‍ പോസ്റ്റ്, ഫ്രന്റേ.

കലക്കനായിട്ടുണ്ട്..!

ദേവന്‍ 11:31 PM  

യാത്രാമൊഴിയേ,
മൊത്തത്തില്‍ കണ്‍ഫ്യൂ ആയല്ലോ, എഴുത്തു കുത്ത്‌ നടത്തി ക്ലീയര്‍ ആക്കണോ ഞാന്‍?

കായാമ്പൂ എന്നത്‌
Memecylon edule ovatum എന്ന മരുന്നു ചെടിയുടെ പേരാണെന്നും പൂവിന്റെ പേരല്ലെന്നും പറഞ്ഞു തന്നത്‌ കേരളാ ഫോറസ്റ്റ്‌ ഡിപ്പാ. ഓഫീസര്‍മാരാണ്‌. അവര്‍ക്കു തെറ്റിയോ ആവോ. മരം അല്ലാതെ പൂവ്‌ ഞാന്‍ കണ്ടിട്ടില്ല. ഇന്‍ഡിഗോ നിറമെന്ന് വായിച്കു കേട്ടിട്ടുണ്ടായിരുന്നത്‌ തെറ്റാണെന്നും ഫേയ്ഡ്‌ ചെയ്ത പിങ്കാണ്‌ ആ നീറമെന്നും ഇന്റര്‍നെറ്റിലെ ബോട്ടണിച്ചേട്ടന്മാരുടെ സൈറ്റുകള്‍ എല്ലാം പറയുന്നല്ലോ. (അങ്ങാടിക്കടേല്‍ ഈ സുനായുടെ കായക്ക്‌ "കായാമ്പൂക്കായ്‌" എന്നും പറഞ്ഞു കേട്ടിട്ടുണ്ട്‌ കായാവിന്‍ കായ്‌ എന്നായിരുന്നോ വേണ്ടിയിരുന്നതെന്ന് അറിയില) ശബ്ദ താരാവലി ഞാനുമൊന്ന് നോക്കിക്കോട്ടേ...

aneel kumar 2:24 AM  

ടുലിപ് വിന്‍ഡോസിന്റെ ചിത്രശേഖരങ്ങളില്‍ കണ്ട പരിചയമേയുള്ളൂ. ഇത്രമനോഹരമായി അവയെ കാണാന്‍ അവസരം തന്നതില്‍ സന്തോഷമുണ്ട്.

ഇനി ഞാനുമൊരു ഓ.ട്ടോ. പിടിക്കട്ടെ:

`കാഞ്ഞാവ്’
അതാണ് ദേവന്‍ കാണിച്ച Memecylon edule ovatum-ന് നെടുമങ്ങാട്ടുള്ള പേര്.
ആടിന് കൊഴയൊടിയ്ക്കലിനിടെ വെട്ടിച്ചേര്‍ക്കുന്ന ഇലയും, *അച്ചമ്പിന്റെ ബുള്ളറ്റായി ഉപയോഗിയ്ക്കുന്ന കായും. പൂവിനു നീലയുടെ കുടുമ്മത്തിലെ നിറം. നിറയെ പൂത്തുനില്‍ക്കുമ്പോള്‍ തെറ്റില്ലാത്ത ഭംഗിയൊക്കെയുണ്ട് കേട്ടോ. നാട്ടുനടപ്പിലെ കൃഷ്ണന്റെ ചിത്രങ്ങളിലെ നിറവുമായി മാച്ചുചെയ്യിക്കാം ‘കാഞ്ഞാവിന്റെ‘ പൂവിനെ.
ഡിസ്ക്ലൈമര്‍: വിവാദത്തിലെ വാദമല്ല ഈ വാദം.
----
അച്ചമ്പ്: വലിയ നീളത്തിലല്ലാതെ മുറിച്ച മുറ്റാത്ത വേങ്കൊഴലും‍ (ഈറത്തണ്ട്) അതിനകത്തുകൂടി ടൈറ്റ് ഫിറ്റ് ആയി ബുള്ളറ്റ് തള്ളി വിടാനുള്ള, പിടിയുള്ള ഒരു കമ്പിക്കഷണവും ചേര്‍ന്ന നാടന്‍ ആയുധക്കളിക്കോപ്പ്.

Kalesh Kumar 3:57 AM  

കിണ്ണന്‍ പടങ്ങള്‍!
സൂപ്പര്‍!

ദേവന്‍ 5:06 AM  

അനിലു കണ്ടിട്ടുള്ള കാഞ്ഞാവ്‌ ഇതല്ലേ?
http://www.wildsingapore.com/chekjawa/text/f101.htm ആണെങ്കില്‍ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ക്കു തെറ്റി. കായാവും ഇതു തന്നെ ആകണം - ഇപ്പോഴും ഇതുണ്ടെങ്കില്‍ പടമെടുക്കാന്‍ പറ്റിയ സമയമാണേ ഏപ്രില്‍ മെയ്‌ മാസംഗ്ലളില്‍ പൂക്കുമെന്ന് ഇന്റര്‍നെറ്റില്‍ കാണുന്നു.
ശബ്ദതാരാവലിയില്‍ കാണുന്നതാണു ശരിയെന്നു തോന്നുന്നു യാത്രാമൊഴിയെ, ഒരു കാര്യം മാത്രം തെറ്റ്‌ . memecyclon tinctorium എന്നാണു ഇതിന്റെ ശാസ്ത്രനാമമെന്നത്‌ ശ്രീകണ്ഠേശ്വരത്തിനു പിശകി.ഇതേ വത്യാസം ഒന്നുരണ്ട്‌ തമിഴരുടെ സൈറ്റിലും കണ്ടു .. ആരു പകര്‍ത്തിയപ്പോ തെറ്റിയോ..

കായാമ്പൂ പൂവാണെങ്കില്‍ ചാളുവാ പൊഴിക്കുന്ന വള്ളക്കാരി വെള്ളക്കാരി ആണെങ്കില്‍ ഈ നിറത്തില്‍ കണ്ണുണ്ടായേക്കും. ഇനിയിപ്പൊ നിക്കി ഹില്‍ട്ടനൊ മറ്റോ ആയിരുന്നോ വള്ളത്തില്‍?

ഹത്‌ പോട്ട്‌, കൃഷ്ണവര്‍ണ്ണത്തിനു പകരം കൃഷ്ണനെയെന്തിനാണാവൊ നീലം മുക്കുന്നതെന്ന് വല്ല പിടീം ഉണ്ടോ?

nalan::നളന്‍ 10:49 AM  

യാത്രാമൊഴി, ദേവരാഗമേ
ദേവന്‍ പറഞ്ഞ ടുളിപ്സ് ഇതല്ലേ.. ഇതും കറുപ്പല്ല, പക്ഷെ ദേവന്റെ ലിങ്കിലെ നിറം ഇതാണെന്നാ തോന്നുന്നത്.

നല്ല പടങ്ങള്‍

ദേവന്‍ 12:19 PM  

കരിമ്പൂക്കള്‍ക്ക് നന്ദി നളാ.
കറുത്തമ്മ ബ്രാന്‍ഡ് ബള്‍ബിനു കുടക്കറുപ്പല്ല, മറ്റേതെങ്കിലും നിറം കടുത്ത് കണ്ടാല്‍ കറുപ്പെന്ന് തോന്നുകയേയുള്ളൂ.

ഞാന്‍ എവിടെന്നോ പൊക്കിയ പടത്തിലും ഗൌരിക്കുട്ടിയുടെ കയ്യിലും ഇരിക്കുന്നത് “നിശാറാണി “(queen of nights)എന്ന ബ്ലാക് ട്യുളിപ് ആണ്. എറ്റവും കറുപ്പെന്നു തോന്നുന്ന ഇതിന്റെ നിറം കടുത്ത മറൂണ്‍ ആണെന്ന് വായിച്ചു (കടയില്‍ അല്ലാതെ ചെടിയില്‍ ഞാന്‍ ഈ പൂവ് കണ്ടിട്ടില്ലാ). “കരിന്തത്ത” (black parrot)തുടങ്ങിയ മറ്റിനങളില്‍ മിക്കതും കടും തവിട്ടു പൂക്കളാണ്. ഒരു സമാധാനത്തിനു നമ്മള്‍ ഇവയെല്ലാം ബ്ലാക്ക് ട്യ്യൂലിപ്പെന്ന് വിളിക്കുന്നു

Unknown 8:01 PM  

വിശാലാ,
താങ്ക്യു വെരി മച്ച് ഇഷ്ടാ!

ദേവാ,
memecyclon tinctorium, memecylon_ovatum രണ്ടും ഒരു കുടുംബത്തില്‍‌പെട്ട ചെടികളല്ലേ. രണ്ട് തരം പൂക്കളുണ്ടാകും. നീലക്കറുപ്പിലും പിങ്കിലും. അപ്പോള്‍ രണ്ടും ശരി തന്നെ. ഇനി ഇതില്‍ ഏതിനെ മലയാളത്തില്‍ കായാവ്/കാഞ്ഞാവ് എന്നു വിളിക്കണം എന്ന കണ്‍ഫു മാത്രം ബാക്കി.

അനിലേട്ടാ,

ചിത്രജാലകം സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട്. റ്റുലിപ് പടങ്ങള്‍ കുറച്ചു കൂടി പോസ്റ്റിക്കളയാം അല്ലേ?

ഈ പറഞ്ഞ ആയുധക്കളിക്കോപ്പ് നല്ല പരിചയമുണ്ട്. നാട്ടിലൊക്കെ കാട്ടുപേരയ്ക്കയായിരുന്നു ബുള്ളറ്റ്.

കലേഷ്,
വളരെ നന്ദി കൂട്ടുകാരാ..

നളാ,
താങ്ക്യു..
കൊള്ളാമല്ലോ കറുമ്പി റ്റുലിപ്. ഞാന്‍ ഈ വെറൈറ്റി ഇവിടെ കണ്ടിട്ടില്ല. അതിരിക്കട്ടെ ആരാ ആ പൂ പറിക്കാന്‍ നോക്കുന്നെ?

Santhosh 11:01 PM  

റ്റുലിപ്പുകളുടെ ഈ ഉത്സവം കാണാന്‍ എല്ലാവര്‍ക്കും സീയാറ്റിലിലേയ്ക്ക് സ്വാഗതം!

സസ്നേഹം,
സന്തോഷ്

Unknown 6:01 AM  

സന്തോഷ്,
താങ്ക്യു ഫോര്‍ ദി ഇന്‍‌വിറ്റേഷന്‍!
ഒരു പ്രദേശം നിറച്ച് റ്റുലിപ്സ്...എന്തായിരിക്കും ആ കാഴ്ച്ച! സിയാറ്റിലിനു ടിക്കറ്റ് എടുത്താല്‍ കൊള്ളാമെന്നുണ്ട്, പക്ഷെ...

nalan::നളന്‍ 10:02 PM  

അത് ഗൌരിക്കുട്ടിയാ മൊഴിയേ.. കുറച്ചു ടുലിപ്സ് പടങ്ങള്‍ ഇവിടയുമുണ്ട് (പഴയതാ.). സൌകര്യം പോലെ ഇടാം (അത് പറയാതിരിക്കുന്നതാ നല്ലത്). ഏതായാലും മടിക്കാതെ പോസ്റ്റിക്കോ!

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP